‘ഇറാഖ്:സയ്യിദുനാ ത്വല്‍ഹ(റ) മുതല്‍ ഇമാം ഹുസൈന്‍ (റ) വരെ’ പ്രകാശിതമായി

പ്രശസ്ത പണ്ഡിതരും സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഉസ്താദ് സി.കെ.അബ്ദുറഹ്മാൻ ഫൈസി (ആലത്തൂർപടി മുദരിസ്) രചിച്ച മലയാള പുസ്തകം ‘ഇറാഖ്:സയ്യിദുനാ ത്വല്‍ഹ(റ) മുതല്‍ ഇമാം ഹുസൈന്‍ (റ) വരെ’ പ്രകാശിതമായി.

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളിൽ നിന്ന് എൻ.കെ അബൂബക്കർ കോപ്പി ഏറ്റുവാങ്ങി.

ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മഹാനായ സയ്യിദുല്‍ ഉലമയോടുകൂടെ നടത്തിയ ഇറാഖ് യാത്രയിലെ അനുഭവങ്ങളും ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്മാരെക്കുറിച്ചും അവിടുത്തെ ചരിത്ര സ്മാരകങ്ങളെക്കുറിച്ചുമാണ് പുസ്തകം പ്രതിപാദിക്കുന്നത്. ബഹു. സയ്യിദുൽ ഉലമ തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത്.

ഇറാഖിന്റെ ചരിത്രം, ബസ്വറ, കൂഫ, ബഗ്ദാദ് അടക്കമുള്ള ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രതാപം ജ്വലിച്ചുനിന്നിരുന്ന നഗരങ്ങള്‍, ഇസ്‌ലാമിക ചരിത്രത്തില്‍ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ട കര്‍ബലാ യുദ്ധം, അയ്യൂബ് നബി(അ), സ്വഹാബീവര്യരായ സയ്യിദുനാ അലി(റ), ത്വല്‍ഹ(റ), സുബൈര്‍ ബ്‌നുല്‍ അവ്വാം(റ), സല്‍മാനുല്‍ ഫാരിസി(റ), ഹുദൈഫത് ബ്‌നുല്‍ യമാന്‍(റ), ഹുസൈന്‍(റ), താബിഉകളായ ഹസനുല്‍ ബസ്വരി(റ), മുഹമ്മദ് ബിന്‍ സീരീന്‍(റ), മദ്ഹബിന്റെ ഇമാമീങ്ങളായ ഇമാം അബൂ ഹനീഫ(റ), ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ), ഇസ്‌ലാമിക ലോകത്തെ വിശ്രുത പണ്ഡിതരും ആത്മീയ ജ്യോതിസ്സുകളുമായ ശൈഖ് ജീലാനി(റ), ശൈഖ് രിഫാഈ(റ), മുസ്‌ലിം ബിന്‍ അഖീല്‍(റ), ജുനൈദുല്‍ ബഗ്ദാദി(റ), സരിയ്യുസ്സഖത്വി(റ), ഇബ്‌റാഹീമുല്‍ ഖവ്വാസ്(റ), മഅ്‌റൂഫുല്‍ കര്‍ഖി(റ), മൂസല്‍ കാളിം(റ), ബിശ്‌റുല്‍ ഹാഫി(റ), ഉമര്‍ സുഹ്‌റവര്‍ദി(റ) അടക്കമുള്ള മഹാന്മാരുടെ ലഘു ചരിത്രം എന്നിവയാണ് പ്രധാനമായും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഇറാഖിലെ ഭൂരിപക്ഷ വിഭാഗമായ ശിയാഇസത്തെക്കുറിച്ചും അവരുടെ വികല ആശയങ്ങളെക്കുറിച്ചും ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.

പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണവും വിതരണവും ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എ ഡി എസ് എ) യാണ് നിർവഹിക്കുന്നത്.
100 രൂപയാണ് മുഖവില. ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: +919074525205

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *